ചരിത്രം
തേയിലത്തോട്ടങ്ങളാല്‍ മനോഹരമായ പ്രകൃതിയാണ് വണ്ടിപ്പെരിയാര്‍ പഞ്ചായത്തു പ്രദേശത്തിനുള്ളത്. തേയിലത്തോട്ടങ്ങള്‍ വളരെയധികമുള്ള വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് 120 ച.കിലോമീറ്റര്‍ വിസ്തൃതിയില്‍ കിടക്കുന്നു. ജനതയില്‍ നല്ലൊരു പങ്ക് തമിഴ് വംശജരാണ്. തേയില വ്യവസായം വളര്‍ന്നതോടൊപ്പം വര്‍ദ്ധിച്ചുവന്ന തൊഴില്‍ സാധ്യത കൂടുതല്‍ ജനങ്ങളെ ഈ മലമടക്കുകളില്‍ എത്തിച്ചു. തോട്ടമുടമകള്‍ ഉപേക്ഷിച്ച സ്ഥലങ്ങളിലേക്ക് കുടിയേറ്റ കര്‍ഷകരും എത്തിച്ചേര്‍ന്നു. കപ്പ, നെല്ല് തുടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ കൃഷി ചെയ്തുതുടങ്ങിയ കര്‍ഷകര്‍ കാലാന്തരത്തില്‍ കുരുമുളക്, ഏലം, കാപ്പി തുടങ്ങിയ നാണ്യ സുഗന്ധവിളകള്‍ കൃഷി ചെയ്യാന്‍ തുടങ്ങി. തൊഴില്‍ ലഭ്യത വര്‍ദ്ധിച്ചതോടുകൂടി അസംഘടിതരായിരുന്ന തൊഴിലാളികള്‍ സംഘടിക്കുകയും ആവശ്യങ്ങള്‍ നേടിയെടുക്കാനുള്ള പോരാട്ടങ്ങള്‍ തുടങ്ങുകയും ചെയ്തു. അതിന്റെ ഫലമാണ് 1952-ലെ പശുമല വെടിവെയ്പ്. പഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റ് പരേതനായ ശ്രീ.എ.ജെ.എസ്.നമ്പ്യാര്‍ ആയിരുന്നു. ആങ്കുര്‍ റാവുത്തര്‍ എന്ന ജന്മിയുടെ കയ്യിലായിരുന്നു വണ്ടിപ്പെരിയാര്‍ ടൌണിന്റെ ഭൂരിഭാഗവും. അഞ്ചലാഫീസ്, വര്‍ക്ക് സൂപ്രണ്ടാഫീസ്, പോലീസ് ഔട്ട് പോസ്റ്റ് തുടങ്ങിയ ആഫീസുകള്‍ മാത്രമേ അക്കാലത്തുണ്ടായിരുന്നുള്ളു. 1952-ലാണ് സര്‍ക്കാര്‍ പ്രൈമറി സ്കൂള്‍ തുടങ്ങിയത്. എന്നാല്‍ ഇന്നു സ്ഥിതിയാകെ മാറി. വിവിധ ഡിപ്പാര്‍ട്ടുമെന്റാഫീസുകള്‍, പ്രൈമറി സ്ക്കൂളുകള്‍, ഹൈസ്ക്കൂളുകള്‍ എന്നിവ ഈ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നു. ഇതില്‍ ഒന്ന് പഞ്ചായത്തിന്റെ മേല്‍നോട്ടത്തില്‍ വളരെ പ്രശസ്തമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന പഞ്ചായത്ത് ഹൈസ്കൂള്‍ ആണെന്നുള്ളത് വളരെ അഭിമാനകരമായ ഒന്നാണ്. ഒരു പ്രൈവറ്റ് ഡിസ്പെന്‍സറി മാത്രമുണ്ടായിരുന്ന സ്ഥലത്ത് ഇപ്പോള്‍ വളരെയധികം സ്വകാര്യ ആശുപത്രികളും ഗവ. ഡിസ്പെന്‍സറിയും പ്രവര്‍ത്തിക്കുന്നു. ഭക്ഷ്യവസ്തുക്കളുടെ കാര്യത്തില്‍ മുഖ്യമായും തമിഴ്നാടിനേയും സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളേയും പൂര്‍ണ്ണമായും ഈ പഞ്ചായത്ത് ആശ്രയിക്കേണ്ടിയിരിക്കുന്നു. വണ്ടിപ്പെരിയാറിലെ അയ്യപ്പക്ഷേത്രം അതിപുരാതനമാണ്. അത്രയും പഴക്കമില്ലെങ്കിലും ഇവിടത്തെ ക്രിസ്തീയ ദേവാലയവും മുസ്ളീംപള്ളിയും പ്രസിദ്ധിയുള്ളവതന്ന. പ്രസിദ്ധമായ ശബരിമലയിലേക്കുള്ള മുഖ്യകവാടമാണ് വണ്ടിപ്പെരിയാര്‍. അതുപോലെ തേക്കടി വന്യമൃഗസങ്കേതവും ഇതിനടുത്ത പ്രദേശമാണ്. നൂറ്റാണ്ടുകള്‍ക്കു മുമ്പ് വിദേശികളാല്‍ ഈ പ്രദേശങ്ങളില്‍ തേയില കൃഷി ആരംഭിച്ചു. തേയില എസ്റ്റേറ്റുകളുടെ അതിര്‍ത്തിയോടു ചേര്‍ന്ന് കിടക്കുന്ന വളക്കുറവുള്ളതും ജലലഭ്യതയില്ലാത്തതുമായ സ്ഥലങ്ങളില്‍ കുടിയേറ്റ കര്‍ഷകര്‍ നെല്ല്, കപ്പ, വാഴ എന്നിവ കൃഷി ചെയ്തു പോകുന്നു. ഭൂരിഭാഗ പ്രദേശങ്ങളിലും തേയില കൃഷി ഉള്ളതിനാലും വന്യമൃഗങ്ങളുടെ ശല്യം മൂലവും കൃഷികള്‍ തുടര്‍ന്നു ചെയ്യുന്നതിന് പ്രയാസങ്ങള്‍ ഉണ്ടായി. തന്മൂലം നാണ്യവിളകളായ കുരുമുളക്, കാപ്പി, ഏലം എന്നീ കൃഷികള്‍ ചെയ്യുന്നതിന് ജനങ്ങള്‍ നിര്‍ബന്ധിതരായി. കാലാവസ്ഥയില്‍ ഉണ്ടായ ഈ മാറ്റവും കൃഷി മേഖലയെ ബാധിച്ചിട്ടുണ്ട്. ആയതിനാല്‍ ഭൂരിപക്ഷം വരുന്ന ജനങ്ങളും തേയിലത്തോട്ടങ്ങളെ ആശ്രയിച്ച് ഉപജീവനം നടത്തേണ്ടതായ അവസ്ഥയാണ് ഇന്നുള്ളത്. പഞ്ചായത്തില്‍ ഭൂരിഭാഗവും വന്‍കിടത്തേയിലത്തോട്ടങ്ങളാണ്. ഇത് കൂടാതെ 30 ഓളം ചെറുകിട ഏലം, കാപ്പി തോട്ടങ്ങളും ഉള്‍പ്പെടുന്നു. അതുകൊണ്ടുതന്നെ നാണ്യവിളകളാണ് ഇവിടുത്തെ പ്രധാന കൃഷി. 11 വാര്‍ഡുകളിലായി തേയില കൃഷിയുമായി ബന്ധപ്പെട്ട 12 ഫാക്ടറികള്‍ പ്രവര്‍ത്തിക്കുന്നു. ഇവയെല്ലാം തന്നെ സ്വകാര്യ മേഖലയിലുള്ളതാണ്. വിസ്തൃതമായ ഈ പഞ്ചായത്തില്‍ ഗതാഗതസൌകര്യം വളരെ കുറവാണ്. പഞ്ചായത്തിലെ മുഴുവന്‍ ജനങ്ങളും നിത്യോപയോഗ സാധനങ്ങള്‍ വാങ്ങുന്നതിനും ചികിത്സയ്ക്കും കിലോമീറ്ററുകള്‍ അകലെയുള്ള വണ്ടിപ്പെരിയാറിനെയായിരുന്നു ആശ്രയിച്ചിരുന്നത്. കേരളത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നും തൊഴിലിനു വേണ്ടി കുടിയേറിയവരാണ് ഈ പഞ്ചായത്തില്‍ അധിവസിക്കുന്നവരില്‍ ഭൂരിപക്ഷവും. അതിനാല്‍തന്നെ ഒരു സമ്മിശ്ര-സംസ്കാരം ഇവിടെ നിലനില്‍ക്കുന്നു. ഹിന്ദു, മുസ്ളീം, ക്രൈസ്തവ തുടങ്ങിയ മതങ്ങളില്‍ വിശ്വസിക്കുന്നവരാണ് ഈ മേഖലയിലെ ജനങ്ങള്‍. ജാതി, മത, വര്‍ണ്ണ ചിന്താഗതികള്‍ക്കതീതമായി മതേതര സ്വഭാവം നിലനിന്നുപോരുന്നു.
വണ്ടിപ്പെരിയാര്‍ - 2010
market jn. a View from GLPS
1951-ലാണ് വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് രൂപീകൃതമായത്. 119.50 ച.കി.മീ വിസ്തൃതിയുള്ള പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് ഏലപ്പാറ പഞ്ചായത്തും, തെക്ക് ഭാഗത്ത് തേക്കടി റിസര്‍വ് ഫോറസ്റ്റും, കിഴക്ക് ഭാഗത്ത് കുമളിപഞ്ചായത്തും, പടിഞ്ഞാറ് ഭാഗത്ത് പീരുമേട് പഞ്ചായത്തുമാണ്. പഞ്ചായത്തില്‍ 2001-ലെ സെന്‍സസ് അനുസരിച്ച് 22845 സ്ത്രീകളും, 22933 പുരുഷന്‍മാരും ഉള്‍പ്പെടെ 45778 പേരാണുള്ളത്. 70% ആണ് ഇവിടുത്തെ സാക്ഷരതാനിരക്ക്. പഞ്ചായത്തിന്റെ ആകെ വിസ്തൃതിയുടെ 15% വനപ്രദേശമാണ്. ഇവിടുത്തെ പരുന്തുംപാറ, ശബരിമല സത്രം, സൈമുക്ക്, അമ്പലമേട്, കന്നിവാര്‍ ചോല തുടങ്ങിയ സ്ഥലങ്ങള്‍ ടൂറിസ്റ്റ് ആകര്‍ഷണകേന്ദ്രങ്ങളാണ്. മഞ്ചുമല ഗ്രാമ്പി, മുങ്കാലാര്‍ ഗ്രാമ്പി സൈമുക്ക്, പശുമല ഗ്രാമ്പി, നെല്ലിമല ഗ്രാമ്പി തുടങ്ങി 100 ച.കി.മീറ്ററിലധികം വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്ന പതിനാലോളം നീര്‍ത്തടങ്ങളും പഞ്ചായത്തിലുണ്ട്. ഭൂപ്രകൃതി അനുസരിച്ച് മലനാടില്‍ ഉള്‍പെടുന്ന പഞ്ചായത്തിന്റെ മുഖ്യ കൃഷി തേയിലയാണ്. കൂടാതെ കുരുമുളക്, ഏലം, കാപ്പി, തെങ്ങ്, കവുങ്ങ്, വാനില, വാഴ, മരച്ചീനി എന്നിവയും കൃഷി ചെയ്യുന്നുണ്ട്. പ്രധാന ജലസ്രോതസ് എന്‍പതോളം വരുന്ന കുളങ്ങളും പെരിയാര്‍ പുഴയുമാണ്. ശുദ്ധജലലഭ്യതയ്ക്കായി 260 കിണറുകളും 1250 കുടിവെള്ള ടാപ്പുകളും പഞ്ചായത്തില്‍ ഉപയോഗിക്കുന്നുണ്ട്. പഞ്ചായത്തിന്റെ പലഭാഗങ്ങളിലായി സ്ഥാപിച്ചിരിക്കുന്ന 1500 തെരുവുവിളക്കുകള്‍ പഞ്ചായത്തു വീഥികളെ രാത്രികാലങ്ങളില്‍ സഞ്ചാരയോഗ്യമാക്കുന്നു. നാഷണല്‍ ഹൈവേ 220 പഞ്ചായത്തിലൂടെയാണ് കടന്നുപോകുന്നത്. പഞ്ചായത്തിലെ റോഡ് ഗതാഗതം പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്നത് വണ്ടിപ്പെരിയാര്‍ ബസ് സ്റ്റാന്റിലാണ്. കോട്ടയമാണ് പഞ്ചായത്തിന് ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍. നെടുമ്പാശ്ശേരി വിമാനത്താവളത്തെയാണ് പഞ്ചായത്ത് നിവാസികള്‍ വിദേശയാത്രയ്ക്കായി ആശ്രയിക്കുന്നത്. പഞ്ചായത്തിനോട് ഏറ്റവും അടുത്തുള്ള തുറമുഖം കൊച്ചിയാണ്. വണ്ടിപ്പെരിയാര്‍ പാലം ഇവിടുത്തെ ഗതാഗതവികസനത്തിന് ഒരു തെളിവായ് പറയാം. പഞ്ചായത്തില്‍ വന്‍കിട വ്യവസായമായി എടുത്തുപറയാന്‍ തേയില വ്യവസായമാണുള്ളത്. സ്വകാര്യ ഉടമസ്ഥതയിലൂടെ ധാരാളം വന്‍കിട തേയിലത്തോട്ടങ്ങള്‍ ഇവിടെയുണ്ട്. വണ്ടിപ്പെരിയാറില്‍ ഒരു പെട്രോള്‍ ബങ്കുമുണ്ട്. പഞ്ചായത്തിന്റെ പൊതുവിതരണ രംഗത്ത് 43 റേഷന്‍ കടകളും ഒരു മാവേലി സ്റ്റോറും പ്രവര്‍ത്തിക്കുന്നുണ്ട്. വണ്ടിപ്പെരിയാര്‍ ഠൌണ്‍, മാര്‍ക്കറ്റ് എന്നീ സ്ഥലങ്ങള്‍ പ്രധാനവ്യാപാരകേന്ദ്രങ്ങളാണ്. മൂന്ന് ഷോപ്പിംഗ് കോംപ്ളക്സുകളും പഞ്ചായത്തിലുണ്ട്. ഹിന്ദു-മുസ്ളീം-ക്രൈസ്തവ മതവിശ്വാസികള്‍ ഇവിടെയുണ്ട്. ആര്‍.സി.ചര്‍ച്ച്, മാര്‍ത്തോമാ ചര്‍ച്ച്, സെന്റ് ജോണ്‍സ് ചര്‍ച്ച്, പെന്തക്കോസ്ത് ചര്‍ച്ച്, ഷാലോം ചര്‍ച്ച് തുടങ്ങി പത്തോളം ക്രൈസ്തവ ദേവാലയങ്ങള്‍ ഇവിടെയുണ്ട്. ധര്‍മ്മശാസ്താക്ഷേത്രം, മാരിയമ്മന്‍ ക്ഷേത്രം, ശിവക്ഷേത്രം, കാളിക്ഷേത്രം തുടങ്ങിയവയാണ് പ്രധാന ക്ഷേത്രങ്ങള്‍. മുസ്ലിം ദേവലായങ്ങളില്‍ പ്രധാനപ്പെട്ടത് നൂര്‍ മസ്ജിദ് പെരിയാര്‍, കറുപ്പുപാലം മസ്ജിദ് . വണ്ടിപ്പെരിയാര്‍ സാംസ്കാരിക നിലയം ലൈബ്രറി ഇവിടുത്തെ ഒരു പ്രധാന സാംസ്കാരിക കേന്ദ്രമാണ്. ആരോഗ്യപരിപാലനരംഗത്ത് സജീവമായ ധാരാളം ആരോഗ്യകേന്ദ്രങ്ങള്‍ ഇവിടെയുണ്ട്. പ്രണവ് ഹോസ്പിറ്റല്‍, വസന്‍ ഹോസ്പിറ്റല്‍, സെന്റ് ജോര്‍ജ് ഹോസ്പിറ്റല്‍, സി.എം.ഹോസ്പിറ്റല്‍, സെന്റ് ജോണ്‍സ് ഹോസ്പിറ്റല്‍, മുങ്കലാര്‍, മ്ളാമടി എന്നിവിടങ്ങളിലെ ആയുര്‍വേദ ആശുപത്രികള്‍ വാളാടിയിലെ ഹോമിയോ ഡിസ്പെന്‍സറി തുടങ്ങിയവയാണ് പഞ്ചായത്തിലെ പ്രധാന ആരോഗ്യകേന്ദ്രങ്ങള്‍. ഒരു പ്രാഥമികാരോഗ്യകേന്ദ്രവും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ഗവണ്‍മെന്റ് ഹോസ്പിറ്റല്‍ വഴി ആംബുലന്‍സ് സേവനവും പഞ്ചായത്തില്‍ ലഭ്യമാകുന്നുണ്ട്. മൃഗചികിത്സയ്ക്കായി വണ്ടിപ്പെരിയാര്‍, വള്ളക്കടവ്, മ്ളാമല എന്നിവിടങ്ങളില്‍ വെറ്റിനറി ഹോസ്പിറ്റലുകളും പ്രവര്‍ത്തിക്കുന്നുണ്ട്. ഗവണ്‍മെന്റ് മേഖലയിലെ 6 സ്കൂളുകള്‍ ഉള്‍പ്പെടെ 16 സ്കൂളുകളും ഒരു പോളിടെക്നിക്ക് കോളേജും പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നിരവധി സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങള്‍ ഇവിടെയുണ്ട്. പെരിയാര്‍, മഞ്ചുമല, പീരുമേട് എന്നിവിടങ്ങളില്‍ വില്ലേജ് ഓപീസുകള്‍ സ്ഥിതിചെയ്യുന്നു . വാട്ടര്‍ അതോറിറ്റി ഓഫീസ് പീരുമേടാണുള്ളത്. കൃഷി ഭവന്‍ 62-ാം മൈലിലും, മത്സ്യഭവന്‍ കുമളിയിലും പ്രവര്‍ത്തിക്കുന്നു. വൈദ്യുതിബോര്‍ഡ് ഓഫീസും പോലീസ് സ്റ്റേഷനും വണ്ടിപ്പെരിയാറില്‍ തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. വണ്ടിപ്പെരിയാറില്‍ ഒരു ഹെഡ് പോസ്റ്റോഫീസും, ഡൈമുക്ക്, മ്ളാമല, വള്ളക്കടവ് ഗ്രാമ്പി എന്നിവിടങ്ങളിലായി സബ് പോസ്റ്റോഫീസുകളും പ്രവര്‍ത്തിക്കുന്നു. സ്റ്റേറ്റ്-സെന്‍ട്രല്‍ എക്സൈസ് ഓഫീസുകളും, ടെലഫോണ്‍ എക്സ്ചേഞ്ചും ഇവിടെയുണ്ട്. ഒരു കമ്മ്യൂണിറ്റി ഹാളും പഞ്ചായത്തില്‍ ഉണ്ട്. എസ്.ബി.റ്റി, യു.ബി.ഐ ബാങ്കുകളും, ഇടുക്കി ജില്ല സഹകരണ ബാങ്ക്, മ്ളാമല സര്‍വ്വീസ് സഹകരണ ബാങ്ക്, വണ്ടിപ്പെരിയാര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് തുടങ്ങി സഹകരണ ബാങ്കുകളും, മുത്തൂറ്റ്, കൊശമറ്റം തുടങ്ങി സ്വകാര്യപണമിടപാട് സ്ഥാപനങ്ങളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.